ഇന്ത്യ, പാക് തമ്മിലടി അവസാനിപ്പിക്കാന്‍ ഇടപെടാം; മധ്യസ്ഥത ഓഫറുമായി നേപ്പാള്‍

ന്ത്യ, പാകിസ്ഥാന്‍ വിഷയത്തില്‍ മധ്യസ്ഥരാകാന്‍ തയ്യാറെന്ന് വ്യക്തമാക്കി നേപ്പാള്‍ രംഗത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കേണ്ടത് അനിവാര്യമാണെന്നും നേപ്പാള്‍ കൂട്ടിച്ചേര്‍ത്തു.

‘ചര്‍ച്ചയാണ് ഏത് പ്രശ്‌നവും പരിഹരിക്കാന്‍ നല്ല വഴി. അഭിപ്രായ വ്യത്യാസങ്ങള്‍ കാണും, എന്നാലും ചര്‍ച്ച പരിഹാരമാണ്. ആവശ്യമെങ്കില്‍ മധ്യസ്ഥരുടെ റോള്‍ വഹിക്കാന്‍ തയ്യാറാണ്’, നേപ്പാള്‍ സര്‍ക്കാര്‍ ശ്രോതസ്സ് വ്യക്തമാക്കി. ഇതിന് വഴിയൊരുക്കാന്‍ സാധിക്കും, നേരിട്ട് സംസാരിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നത് തന്നെയാണ് നല്ലത്, നേപ്പാള്‍ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അനുവദിച്ച ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ ഇന്ത്യയുടെ നടപടിയാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ഇതിനെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും, നയതന്ത്രബന്ധങ്ങള്‍ ചുരുക്കി, ഇന്ത്യന്‍ അംബാസിഡറെ പുറത്താക്കിയുമാണ് പ്രതികരിച്ചത്.

‘നമ്മള്‍ ഒരുമിച്ച്, ഇരുന്ന്, ചിന്തകള്‍ പങ്കുവെയ്ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. എല്ലാ അവസ്ഥയിലും ഒരുമിച്ച് ഇരിക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അല്ലെങ്കില്‍ സ്ഥിതി വഷളാകും’, നേപ്പാള്‍ ശ്രോതസ്സ് പറഞ്ഞു. 2014 സാര്‍ക്ക് ഉച്ചകോടിക്ക് ശേഷം ഒരിക്കല്‍ പോലും ഇത് ചേരാന്‍ സാധിച്ചിട്ടില്ലെന്നത് പ്രശ്‌നമാണെന്ന് നേപ്പാള്‍ ചൂണ്ടിക്കാണിച്ചു.

2016ല്‍ ഇസ്ലാമാബാദില്‍ ചേരേണ്ട സാര്‍ക്ക് ഉച്ചകോടി ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാംപില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ അക്രമം നടത്തിയതോടെയാണ് റദ്ദായത്. ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരും പിന്‍വാങ്ങിയോടെ പാകിസ്ഥാന്‍ ഒറ്റപ്പെട്ടു.

Top