ട്വന്റി- 20യില്‍ റെക്കോര്‍ഡ് സെഞ്ചുറിയുമായി പരാസ് ഖട്ക

ട്വന്റി- 20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സെഞ്ചുറിയുമായി നേപ്പാള്‍ ക്യാപ്റ്റന്‍ പരാസ് ഖട്ക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് പരാസ് ഖട്ക സ്വന്തമാക്കിയിരിക്കുന്നത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ സിങ്കപ്പൂര്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് നേപ്പാളിനായി ക്യാപ്റ്റന്‍ സെഞ്ചുറി നേടിയത്.

മത്സരത്തില്‍ 49 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച താരം 52 പന്തില്‍ നിന്ന് 106 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്റെ മികവില്‍ വെറും 16 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേപ്പാള്‍ മത്സരം സ്വന്തമാക്കി. ഇതോടെ ട്വന്റി- 20യില്‍ ഇന്ത്യയെ നയിച്ച വിരാട് കോഹ്ലിയ്‌ക്കോ രോഹിത് ശര്‍മയ്ക്കോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് ഈ മുപ്പത്തിയൊന്നുകാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിനു മുന്‍പ് ആരോണ്‍ ഫിഞ്ച്, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, തിലക് രത്നെ ദില്‍ഷന്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ അന്താരാഷ്ട്ര ട്വന്റി- 20യില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം ആദ്യം ബാറ്റു ചെയ്തപ്പോഴായിരുന്നു. ഇതില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ രണ്ടു തവണ സെഞ്ചുറി നേടിയിട്ടുണ്ട്. 2017-ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരേ 118 റണ്‍സും 2018-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ 111 റണ്‍സുമാണ് നേടിയത്.

Top