ചൈനയുടെ അതിര്‍ത്തി കയ്യേറ്റം ; ആരോപണവുമായി നേപ്പാൾ

കാഠ്മണ്ഡു: നേപ്പാളിലെ അതിര്‍ത്തി കയ്യേറുന്ന ചൈനയുടെ നടപടികള്‍ നിര്‍ബാധം തുടരുന്നതായി ആരോപണം. അതിര്‍ത്തി ജില്ലകളില്‍ പലയിടത്തും ചൈനീസ് സൈന്യം നേരിട്ട് ഗ്രാമങ്ങള്‍ കയ്യടക്കുകയും അധികാരം സ്ഥാപിക്കുന്നതുമായ വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് നേപ്പാളിന്‍റെ ഔദ്യോഗിക പ്രസ്താവന. ദൗല്‍ഖാ ജില്ലയിലെ അതിര്‍ത്തി തിരിച്ച് ഇട്ടിരുന്ന തൂണുകളടക്കമാണ് അപ്രത്യക്ഷമായത്. ശക്തമായ സേനയില്ലാത്തതിനാല്‍ നേപ്പാള്‍ ചൈന അതിര്‍ത്തി എന്നത് തുറന്ന പ്രദേശങ്ങളാണ്. കയ്യേറുന്ന പ്രദേശത്ത് ഉടന്‍ ചുവന്നകൊടി ഉയര്‍ത്തി താല്‍ക്കാലികമായ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കുകയുമാണ് ചൈനീസ് രീതിയെന്നും നേപ്പാളി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു അയല്‍രാജ്യമെന്ന നിലയില്‍  നേപ്പാളിന്    യാതൊരു ബഹുമാനവും ചൈന നല്‍കാറില്ല. ഈ സമീപനത്തിന്‍റെ ഭാഗമാണ് അതിര്‍ത്തി കയ്യേറുന്നതിന്‍റെ പിന്നിലെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു. 1960ലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി കാക്കുന്നത്. 1961ല്‍ ഔദ്യോഗിക കാരാറുകളും ഒപ്പിട്ടു. ആകെ 76 അതിര്‍ത്തി തൂണുകളാണ് ഇതിനെതുടര്‍ന്ന് സ്ഥാപിച്ചത്. എന്നാല്‍ പലതവണ തൂണുകള്‍ മാറ്റിയ ചൈന നേപ്പാളിന്‍റെ പലമേഖലയിലും കടന്നുകയറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നേപ്പാള്‍ ഇന്ത്യയിലെ അതിര്‍ത്തി മേഖലയില്‍ കടന്നുകയറിയ അതേ മാസം ചൈനയും നേപ്പാള്‍ അതിര്‍ത്തി കയ്യേറി. രണ്ടു ജില്ലകളിലായി 11 കെട്ടിടങ്ങള്‍ പണിതതായി അന്ന് കണ്ടെത്തിയത് പ്രതിപക്ഷം വലിയ വിവാദമാക്കിയിരുന്നു. യുവജനസംഘടനകളും നേപ്പാളിന്‍റെ പിടിപ്പുകേടിനെതിരെ നിരന്തരം പ്രക്ഷോഭത്തിലാണ്. ചൈനയുടെ കടന്നുകയറ്റം നടക്കുന്ന ഗ്രാമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ  പ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Top