നേപ്പാളിനും ബംഗ്ലാദേശിനും കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും കോവിഡ് വാക്‌സിന്‍ നല്‍കി ഇന്ത്യ. ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ആദ്യഘട്ട വാക്‌സിന്‍ ശേഖരം ലഭിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സ്ഥിരീകരിച്ചു. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസും നേപ്പാളിലേക്ക് 10 ലക്ഷം ഡോസുമാണ് അയച്ചത്.

മ്യാന്‍മാര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ വെള്ളിയാഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ്യാന്‍മാറിലേക്ക് 10 ലക്ഷം ഡോസും സീഷെല്‍സിലേക്ക് അരലക്ഷം ഡോസുമാണ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഭൂട്ടാനിലേക്ക് 1,50,000 ഡോസും മാലദ്വീപിലേക്ക് 1,00,000 ഡോസ് വാക്‌സിനും ഇന്ത്യ അയച്ചിരുന്നു. ഇതിനു പുറമേ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് അയക്കും.

കോവിഡ് വാക്‌സിന്‍ ലഭ്യമാവുന്ന മുറയ്ക്ക് 19 രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് നേരത്തെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ഉപയോഗത്തിനുള്ളത് നിലനിര്‍ത്തിക്കൊണ്ടാണ് വാക്‌സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. നേരത്തെ കോവിഡ് ചികിത്സയ്ക്കുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍സ റെംഡിസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് സഹായമായി അയച്ചിരുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാല ആസ്ട്രസെനിക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിക്കുന്നത്. ഭാരത് ബയോടെക്കാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ നിര്‍മിക്കുന്നത്.

Top