ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ ഉലച്ചില്‍; ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി

കാഠ്മണ്ഡു: ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റം വരുത്തി നേപ്പാള്‍. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം കാത്തിരിക്കേണ്ടിവരും.

വാര്‍ത്ത സ്ഥിരീകരിച്ച നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ ഥാപ്പ ഇന്ത്യന്‍ പൗരത്വ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ ന്യായീകരിച്ചു. ഇന്ത്യന്‍ പൗരനെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമമാണ് രാം ബഹദൂര്‍ ഥാപ്പ ഉദ്ധരിച്ചത്.

അതേസമയം, ഇന്ത്യയുടെ പൗരത്വ നിയമത്തിന്റെ ഈ ഉപാധി നേപ്പാള്‍ പൗരന്മാര്‍ക്ക് ബാധകമല്ലെന്ന കാര്യം പ്രസ്താവനയില്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി പരാമര്‍ശിച്ചിട്ടില്ല. അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്. ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് നേരത്തെ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനും നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Top