നേമം ആയുധമാക്കിയത് ഐ ഗ്രൂപ്പ് ! അപകടം തിരിച്ചറിഞ്ഞ് ‘എ’ തിരിച്ചടി

ന്താണ് ഈ ‘നേമത്തിന്റെ പ്രത്യേകത ? കേരളം ആകാംക്ഷയോടെ ചർച്ച ചെയ്യുന്ന മണ്ഡലമായി നേമം ഇതിനകം തന്നെ മാറിക്കഴിഞ്ഞു.ബി.ജെ.പിക്ക് ചരിത്രത്തിൽ ആദ്യമായി  നിയമസഭയിലേക്ക് ഒരംഗത്തെ വിജയിപ്പാക്കാൻ കഴിഞ്ഞതോടെ  ബി.ജെ.പി കേന്ദ്ര നേതൃത്വം ‘ഗുജറാത്തായി’ വിലയിരുത്തുന്ന മണ്ഡലമാണിത്.ഈ മണ്ഡലം പിടിച്ചെടുക്കുക എന്നത്  സി.പി.എമ്മിനെ സംബന്ധിച്ച് വാശിയാണെങ്കിൽ  കോൺഗ്രസ്സിനെ സംബന്ധിച്ച്  അത് നേതാക്കളെ ഒതുക്കുന്നതിനുള്ള അവസരമായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ നേമത്ത് മത്സരിക്കണമെന്ന ആവശ്യം ഉയർന്നതും  ഇതിന്റെ ഭാഗമായാണ് അവർ നോക്കി കാണുന്നത്. അനുയായികളെ തെരുവിലിറക്കിയാണ്  ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തെ  കോൺഗ്രസ്സിലെ ‘എ’ വിഭാഗം പ്രതിരോധിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ അണികൾ സംഘടിച്ചതും, ‘എ’ വിഭാഗത്തിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ്. “ഉമ്മൻചാണ്ടി നേമത്ത് ജയിച്ചാൽ, യു.ഡി.എഫിന് അധികാരം കിട്ടുമെന്ന് എന്താണ് ഉറപ്പെന്ന” കെ.സി ജോസഫിന്റെ ചോദ്യം, ഹൈക്കമാൻ്റിനുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണ്. “താൻ പുതുപ്പള്ളി വിട്ടു പോകില്ലന്ന്  സംഘടിച്ചെത്തിയ അനുയായികളോട്  ഉമ്മൻ ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയെ നേമത്ത് തളച്ചിടാനുള്ള  രമേശ് ചെന്നിത്തല – കെ.സി വേണുഗോപാൽ ടീമിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഭരണം ലഭിക്കുമെന്ന് ഒരുറപ്പും ഇല്ലങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തിന് മുന്നിലുള്ള ഭീഷണി ഒഴിവാക്കുവാനാണ് ‘ഐ’ ഗ്രൂപ്പും നിലവിൽ ശ്രമിക്കുന്നത്. അതേസമയം നേമം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച്  സ്ഥാനാർത്ഥിയാകേണ്ട രമേശ് ചെന്നിത്തല  എന്തു കൊണ്ടാണ് നേമത്ത് മത്സരിക്കാത്തതെന്ന ചോദ്യമാണ്  ‘എ’ ഗ്രൂപ്പ് നേതൃത്വം ഉയർത്തിയിരിക്കുന്നത്. ഹരിപ്പാട് ‘അമ്മയെ’ പോലെയാണെന്ന് പറയുന്ന ചെന്നിത്തല, ‘അച്ഛനെ’യാണ് നിഷേധിക്കുന്നതെന്നാണ് ഈ വിഭാഗത്തിൻ്റെ പരിഹാസത്തോടെയുള്ള മറുപടി. നേമവുമായുള്ള വിവാദത്തിൽ  ദേശീയ നേതൃത്വം ഇടപെട്ടിട്ടില്ലന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയതോടെ  നേമത്ത് ആരാണ് ഉമ്മൻചാണ്ടിയുടെ പേര് നിർദ്ദേശിച്ചതെന്ന കാര്യവും  ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായാൽ പോലും  പുതുപ്പള്ളി വിടില്ലന്ന നിലപാടാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരമൊരു പരീക്ഷണത്തിനു പോലും, രമേശ് ചെന്നിത്തല ഒട്ടും തയ്യാറല്ല. ഹരിപ്പാട് വിട്ട ഒരു മത്സരത്തിനും താനില്ലന്ന നിലപാടിലാണ് അദ്ദേഹം.

നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഏക കോൺഗ്രസ്സ് നേതാവ് കെ.മുരളീധരനാണ്.ഇതാകട്ടെ ചെന്നിത്തലക്ക് ദഹിച്ചിട്ടുമില്ല. ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് മുരളീധരൻ. ‘ഐ’ വിഭാഗത്തിലെ ഒരു വിഭാഗമാകട്ടെ, ഇപ്പോഴും മുരളിക്കൊപ്പമാണുള്ളത്. ഉമ്മൻചാണ്ടിയുടെ പിന്തുണയും മുരളീധരനാണുള്ളത്. നേമം വഴി മുരളി കൂടുതൽ കരുത്താർജിച്ചാൽ, അതും ചെന്നിത്തലക്കാണ് വലിയ തിരിച്ചടിയാകുക. നേമത്തേക്ക്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ, ശശി തരൂർ എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതലേ ഹൈക്കമാൻ്റിനു മുന്നിലുണ്ട്. ഏത് വിധേയനേയും നേമം പിടിച്ചെടുക്കാൻ പറ്റുമെന്ന പ്രതീതി ഉണ്ടാക്കി, മത്സരം കടുപ്പിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ബി.ജെ.പിയെ ശക്തമായി നേരിടുമെന്ന സന്ദേശം നൽകി, മറ്റു മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കുന്നതിനാണ് ഈ ശ്രമം.ന്യൂനപക്ഷ വോട്ടുകളിലെ ചോർച്ച ഒഴിവാക്കാൻ, ഇതുവഴി കഴിയുമെന്ന പ്രതീക്ഷയും കോൺഗ്രസ്സിനുണ്ട്. എന്നാൽ, കോൺഗ്രസ്സിൻ്റെ നേമം ‘ഇടപെടലിനെ’ കേവലം ‘നാടകം’ മാത്രമായാണ് സി.പി.എം വിലയിരുത്തുന്നത്. നേമത്തിലൂടെ ബിജെപിക്ക് പ്രതിനിധി ഉണ്ടായതു തന്നെ, കോൺഗ്രസ്സ് വോട്ടുകൾ മൂലമാണെന്നാണ് സി.പി.എം നേതൃത്വം തുറന്നടിക്കുന്നത്. ഇതു സംബന്ധമായ കണക്കുകളും  സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ട്.

2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി ഒ രാജഗോപാൽ, 67,813 വോട്ടുകൾ നേടിയാണ് നേമത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.ഇവിടെ മൂന്നാം സ്ഥാനത്തേക്കു പോയ, യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍പിള്ളക്ക്, കേവലം 13,860 വോട്ടുകള്‍ മാത്രമാണ് നേടാൻ കഴിഞ്ഞിരുന്നത്. 2011ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍, യുഡിഎഫിന്റെ ദുര്‍ബ്ബലനായ സ്ഥാനാര്‍ഥി ചാരുപാറരവി പോലും, 20,248 വോട്ടുകള്‍ നേടിയടത്താണ്, ഈ വമ്പൻ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 2016-ൽ, 6,688 വോട്ടുകളുടെ ചോർച്ചയാണ് യുഡിഎഫിൻ്റെ പെട്ടിയിൽ നിന്നുണ്ടായത്. ഇത് അവിശുദ്ധ കൂട്ടുകെട്ടിൻ്റെ ഭാഗമായാണെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഒ.രാജഗോപാലുമായി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇടതുപക്ഷ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് പ്രതികൂല സാഹചര്യത്തിലും, 59,142 വേട്ടുകൾ നേടാൻ കഴിഞ്ഞിരുന്നു.8,641 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ നേമത്ത് നിന്നും കഴിഞ്ഞ തവണ വിജയിച്ചിരുന്നത്. നിയമസഭയിലേക്ക് 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍  50,076 വോട്ടുകള്‍ നേടി  42.99 ശതമാനം വോട്ടുവിഹിതവുമായാണ്  ഇടതുപക്ഷ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി വിജയിച്ചിരുന്നത്. 6,415 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആ വിജയം. ഈ തിരഞ്ഞെടുപ്പിൽ, 17.38 ശതമാനം വോട്ട് വിഹിതവുമായി, യുഡിഎഫ് സ്ഥാനാര്‍ഥി ചാരുപാറരവി 20,248 വോട്ടുകളും നേടുകയുണ്ടായി. അന്ന് രണ്ടാം സ്ഥാനത്തെത്തിയ ഒ.രാജഗോപാലിന്, 43,661 വോട്ടുകളാണ് ലഭിച്ചിരുന്നത്. 37.49 ശതമാനമായിരുന്നു  ബി.ജെ.പി നേടിയ വോട്ടുവിഹിതം.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,860 വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്ത് ഒതുങ്ങിയിടത്താണ്  കോൺഗ്രസ്സ് ഇത്തവണ അത്ഭുതം പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടിയാണ്  സീറ്റ് ഏറ്റെടുത്ത്കരുത്തനായ സ്ഥാനാർത്ഥിയെയും അവരിപ്പോൾ തേടുന്നത്.ഇത് അതിമോഹമല്ലേ  എന്ന ചോദ്യത്തിന്  ‘ഐ’ ഗ്രൂപ്പ് നേതാക്കൾ നൽകുന്ന മറുപടി  ഒരു പുഞ്ചിരിയാണ്. അതിൽ നിന്നു തന്നെ അവരുടെ ലക്ഷ്യവും വ്യക്തമാണ്. ഐ വിഭാഗത്തിന്റെ ഈ ‘ അജണ്ട’ തിരിച്ചറിഞ്ഞു തന്നെയാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഇപ്പോൾ പ്രതിരോധം തീർത്തിരിക്കുന്നത്.

 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍, 2,97,806 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ വിജയിച്ചിരുന്നത്. അന്ന് നേമം നിയോജക മണ്ഡലത്തില്‍നിന്നും ശശി തരൂരിന് കിട്ടിയിരുന്നത്  32,639 വോട്ടുകളാണ്. അതേ മണ്ഡലത്തിൽ തന്നെയാണ്, നിയമസഭാ തെരഞ്ഞെടുപ്പില്‍, യു.ഡി.എഫ് 13,860 വോട്ടുകള്‍ക്ക് തകർന്നടിഞ്ഞിരിക്കുന്നത്. ഇത് ബി.ജെ.പി – കോൺഗ്രസ്സ് ധാരണ മൂലാമാണെന്നാണ്  ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ്  സി.പി.എം പ്രവർത്തകർ പ്രചരണവും ശക്തമാക്കിയിരിക്കുന്നത്. നേമത്ത് ഒ രാജഗോപാലിന് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കുന്നതിനുപകരം  തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിന് അനുകൂലമായി  കഴിഞ്ഞ തവണ ബിജെപി വോട്ടുകൾ മറിച്ചു നൽകി എന്നതാണ്  സി.പി.എം ഉന്നയിക്കുന്ന പ്രധാന ആരോപണം. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന്  അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും  കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരനും പ്രഖ്യാപിച്ചതും സി.പി.എം ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. കാവിക്ക് വളരാൻ  കേരളത്തിൽ വിത്തുകൾ പാകുന്നത് കോൺഗ്രസ്സാണെന്നും  ‘നേമ’ത്തെ മുൻ നിർത്തി ഇപ്പോൾ നടക്കുന്നത്  യഥാർത്ഥത്തിൽ  ചെന്നിത്തല – ഉമ്മൻ ചാണ്ടി പോരായെന്നുമാണ്  ഇടതുപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

Top