ബിജെപിക്ക് വെല്ലുവിളിയാകാന്‍ മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയില്ല; പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വെല്ലുവിളിയാകാന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രശാന്ത് കിഷോറും എന്‍സിപി നേതാവുമായ ശരദ് പവാറും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരേയുളള പടയൊരുക്കമായാണ് ചിത്രീകരിക്കപ്പെട്ടത്. ഈ കൂടിക്കാഴ്ചകള്‍ക്കൊടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം എന്‍സിപി നേതാവ് ശരദ് പവാര്‍ വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബിജെപിക്കെതിരേ മൂന്നാം മുന്നണി ഫലപ്രദമാകില്ലെന്നും താന്‍ അതില്‍ നിന്ന് അകന്നുനില്‍ക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരിക്കുകയാണ്. പവാറുമായി രാഷ്ട്രീയ കാര്യങ്ങളാണ് താന്‍ സംസാരിച്ചതെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ എന്നാലത് മൂന്നാം മുന്നണിയെ കുറിച്ചല്ലെന്നും വ്യക്തമാക്കി. പവാറുമായുളള കൂടിക്കാഴ്ച ഭാവിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

Top