നെയ്മറിനെ ബെര്‍നാബ്യുവിലെത്തിക്കാന്‍ വീണ്ടും റയലിന്റെ ശ്രമം

ബെര്‍നാബ്യുവിലേക്ക് വീണ്ടും നെയ്മറിനെ എത്തിക്കാന്‍ ശ്രമിച്ച് റയല്‍. പിഎസ്ജിയിലെ നെയ്മറിന്റെ ഇപ്പോഴത്തെ ഫോം മുന്നില്‍ വെച്ച് എക്സ്ചേഞ്ച് ഡീല്‍ നടത്താനാണ് റയലിന്റെ ശ്രമം. നെയ്മറിന് പകരം കരീം ബെന്‍സിമയെ പിഎസ്ജിക്ക് നല്‍കിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രിസ്റ്റ്യാനോ റയല്‍ വിടുന്നതിന് മുന്‍പ് തന്നെ നെയ്മറെ റയലിലേക്ക് എത്തിക്കുവാനുള്ള താത്പര്യം റയലിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പിഎസ്ജിയില്‍ നെയ്മര്‍ക്ക് അസ്വാരസ്യങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ബ്രസീലിയന്‍ താരത്തിന് അനുകൂലമായിട്ടായിരുന്നു റയല്‍ പ്രസിഡന്റ് പെരസിന്റെ നിലപാടുകള്‍.

ബാഴ്സയിലേക്ക് തിരികെ മടങ്ങുമോ എന്ന ചോദ്യത്തിനോട് നെയ്മര്‍ കഴിഞ്ഞ ദിവസം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പരിക്ക് വീണ്ടും പിടികൂടിയിരിക്കുന്ന നെയ്മര്‍ ബാഴ്സയിലേക്കെത്തിയാണ് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുന്നത്. പരിക്കിനെ തുടര്‍ന്ന് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പോര് നെയ്മര്‍ക്ക് നഷ്ടമാകും.

Top