വീടിന് ദോഷമുണ്ട്, കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി പറഞ്ഞെന്ന് അയല്‍വാസികള്‍

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ബന്ധുക്കളുടെ മരണത്തെക്കുറിച്ച് അയല്‍വാസികളോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത്. വീടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി തങ്ങളോട് പറഞ്ഞിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി തങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

അന്നമ്മ മരിച്ചപ്പോള്‍ വീടിനു ദോഷമുണ്ട് പരിഹാരം ചെയ്യണമെന്നു പറഞ്ഞ ജോളി മൂന്നു പേരുടെയും മരണത്തിനു ശേഷം വീടും സ്വത്തുക്കളുമെല്ലാം തന്റേതാണെന്ന രീതിയില്‍ നടത്തിയ പെരുമാറ്റം സംശയം സൃഷ്ടിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് നേരത്തെ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ പറയുന്നു. പല ആളുകളോടും പല തരത്തിലാണ് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചു പറഞ്ഞിരുന്നു. ഇതില്‍ നേരത്തെ സംശയം തോന്നിയിരുന്നെന്നും അയല്‍ക്കാര്‍ പറഞ്ഞു.

കല്ലറ തുറന്ന ദിവസം ജോളി പരിഭ്രാന്തയായി. കല്ലറ തുറന്നതോടെ താന്‍ ജയിലില്‍ പോകാന്‍ സാധ്യതയുണ്ടെന്നും മക്കളെ ജീവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും അയല്‍വാസിയായ അലി പറയുന്നു.

അതേസമയം ജോളി പൊന്നാമറ്റം കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബത്തിലെ ആള്‍ക്കാരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊന്നാമറ്റം കുടുംബത്തിലെ അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കി.ഈ കുടുംബത്തിലുള്ളവര്‍ കൊല്ലപ്പെട്ടാല്‍ സ്വത്ത് ജോളിക്കല്ല ലഭിക്കുക അതുകൊണ്ട് തന്നെ ഇതൊരു ക്വട്ടേഷനാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

Top