നെഹ്റു ട്രോഫി ജലോത്സവം ഇന്ന്

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം ഇന്ന്. മത്സരങ്ങൾ ഇന്ന് രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും. 20 ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 77 വള്ളങ്ങളാണ് ഇന്നു നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്നത്. വൈകിട്ട് നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ.

സി–ഡിറ്റ് തയാറാക്കിയ, ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം അനുവദിക്കുക. ഓൺലൈനിൽ ടിക്കറ്റ് എടുത്തവർ ഫെസിലിറ്റേഷൻ കൗണ്ടറിൽ നിന്ന് ഫിസിക്കൽ ടിക്കറ്റ് വാങ്ങണം. ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിൽ 2,000 പൊലീസുകാരാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടിക്കറ്റുമായി പവിലിയനിൽ പ്രവേശിച്ച ശേഷം വള്ളംകളി കഴിയുന്നതിനു മുൻപ് പുറത്തുപോയാൽ പിന്നെ തിരികെ പ്രവേശിപ്പിക്കില്ല.

Top