മാറ്റിവെച്ച നെഹ്‌റു ട്രോഫി ജലമേള ഈ മാസം 31-ന്

തിരുവനന്തപുരം:കനത്ത മഴയും,വെള്ളപൊക്കത്തേയും തുടര്‍ന്ന് മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളം കളി ഈ മാസം 31-ന് പുന്നമടക്കായലില്‍ അരങ്ങേറും. ചെറിയ ഇടവേളക്കു ശേഷം നെഹ്‌റു ട്രോഫി ജലോത്സവത്തിനായുള്ള തീവ്ര പരിശീലനത്തിലാണ് കുട്ടനാട്ടിലെ ക്ലബ്ബുകള്‍. അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ നദികളില്‍ ക്രമാധീതമായി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് 66 മത് നെഹ്‌റു ട്രോഫി വള്ളംകളി നേരത്തെ മാറ്റിവച്ചിരുന്നത്.

വള്ളംകളിക്കായി പുന്നമടക്കായലില്‍ വീണ്ടും ആര്‍പ്പു വിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. ജലോത്സവത്തിന്റെ ആവേശം ഒട്ടും ചോരാതെ കൈമെയ് മറന്നുള്ള പരിശീലനത്തിലാണ് ഓരോ ക്ലബ്ബുകളും.

അതേസമയം, വള്ളം കളി മാറ്റി വെച്ചതു മൂലം ഇരട്ടി സാമ്പത്തിക ചിലവാണ് ക്ലബ്ബുകള്‍ക്ക് ഉണ്ടായത്. മത്സരം മാറ്റിവെച്ചതോടെ അന്യസംസ്ഥാനത്തു നിന്നും കൊണ്ടുവന്ന തുഴച്ചില്‍കാര്‍ക്കെല്ലാം മുഴുവന്‍ പണം നല്‍കി തിരിച്ചയക്കേണ്ടിയും വന്നിരുന്നു. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

Top