രണ്ടു വര്‍ഷത്തിനു ശേഷം നെഹ്‌റു ട്രോഫി വള്ളംകളി ! ഉന്നതതല യോഗം വിളിച്ച് മന്ത്രി റിയാസ്‌

ആലപ്പുഴ: ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഈ വര്‍ഷം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനം. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുമായും കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്ന ഉന്നതാധികാരസമിതിയുമായും ചര്‍ച്ച നടത്തിയ ശേഷം വള്ളംകളി നടത്തുന്ന കാര്യത്തില്‍ അന്തിമമായ തീരുമാനം കൈക്കൊള്ളും.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി വള്ളംകളി മത്സരം നടത്താന്‍ സാധിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധികള്‍ക്കിയില്‍ നിന്നും തിരിച്ചു വരുന്ന ഘട്ടത്തില്‍ വള്ളംകളി മത്സരം ജനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വള്ളംകളി നടത്താന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്ന അഭിപ്രായം. എംഎല്‍എമാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യരാജ്, ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. വി വേണു, ആലപ്പുഴ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ തുടങ്ങിയവര്‍ പങ്കെടുത്തു.

Top