വെള്ളം കയറി, വള്ളംകളി മുടങ്ങി; ടൂറിസം മേഖലയ്ക്കടക്കം തിരിച്ചടി

ആലപ്പുഴ: സിബിഎലിന്റെ പ്രഥമമത്സരം അടക്കം തുടങ്ങേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളംകളി ഇക്കുറിയും മാറ്റിവച്ചതോടെ സംഘാടകര്‍ക്കും വള്ളംകളി ക്ലബ്ബുകള്‍ക്കും ടൂറിസം മേഖലയ്ക്കും ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായത്.

കഴിഞ്ഞ വര്‍ഷവും ലക്ഷക്കണക്കിനു രൂപ മുടക്കി പരിശീലനം മിക്കവാറും പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് മഹാപ്രളയം വന്ന് എല്ലാം അവതാളത്തിലാക്കിയത്. അന്യനാടുകളില്‍നിന്നു പോലും തുഴച്ചില്‍കാരെ എത്തിച്ച പല ക്ലബ്ബുകളും കടക്കെണിയില്‍ ആയിരുന്നു. ഇതേ അനുഭവം തന്നെയാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. അവസാന വട്ട പരിശീലനവും പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് മത്സരത്തലേന്നു പ്രളയം എത്തിയത്.

എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായപ്പോഴാണ് ഇരുട്ടടി പോലെ വീണ്ടും പ്രളയവും പ്രശ്‌നങ്ങളും. സഞ്ചാരികളുടെ ഒഴുക്കു പ്രതീക്ഷിച്ചു വന്‍ ഒരുക്കങ്ങള്‍ നടത്തിയ ഹോട്ടലുകള്‍ക്കും മത്സരം മാറ്റിവച്ചതു വന്‍ തിരിച്ചടിയായി. വള്ളംകളി കാണാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് എത്തിയ നൂറുകണക്കിനു സഞ്ചാരികളും നിരാശയിലായി. മത്സരം ഇനി എന്നു നടക്കുമെന്നതു തീരുമാനമാകാത്തതിനാല്‍ യാത്ര വെറുതെയാകുമോയെന്ന ആശങ്കയിലാണ് ഇവര്‍.

ഹൗസ് ബോട്ട് മേഖലയ്ക്കാണു മറ്റൊരു തിരിച്ചടി ലഭിച്ചത്. വള്ളം കളിയുമായി ബന്ധപ്പെട്ടു മിക്ക ഹൗസ് ബോട്ടുകള്‍ക്കും ബുക്കിംഗ് ഉണ്ടായിരുന്നു. ഇതെല്ലാം റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്. ഇത്തവണത്തേതടക്കം നാലാം തവണയാണ് നെഹ്‌റുട്രോഫി ജലോത്സവത്തിനു മാറ്റമുണ്ടാകുന്നത്.

Top