‘ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവര്‍ ഇനി ഇല്ല’; ഗാന്ധി കുടുംബം സഞ്ചരിക്കുക 2010 മോഡല്‍ വാഹനത്തില്‍

ന്യൂഡല്‍ഹി: എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അനുവദിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറുകളും പിന്‍വലിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
നേരത്തെ ഉണ്ടായിരുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറും ഫോര്‍ച്യുണറും ഇനി ഉണ്ടാകില്ല. പകരം ഇരുവരും ഇനി സഞ്ചരിക്കുക 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളില്‍ പോലീസ് സുരക്ഷയോടെയാണ്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 ല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്റു കുടുംബത്തിന് ഏര്‍പ്പെടുത്തി തുടങ്ങിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ക്ക് എസ്പിജി സുരക്ഷയും സോണിയക്കും പ്രിയങ്കക്കും റേഞ്ച് റോവറുകളും രാഹുലിന് ഫോര്‍ച്യുണറും അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഈ കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചതോടെ ആഢംബര വാഹനങ്ങള്‍ നഷ്ടമായി. 2010 മോഡല്‍ ടാറ്റ സഫാരികള്‍ ആണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് പുറമെ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും സുരക്ഷ കുറച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിന് യാത്രയൊരുക്കിയിരുന്ന ബി.എം.ഡബ്ല്യു എക്സ്-7 എസ്യുവിയായിരിക്കും തുടര്‍ന്നും ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top