ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയില്‍ രാജ്യം ശിശുദിനം ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: ഇന്ന് രാജ്യം ശിശു ദിനം ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 130ാം ജന്മവാര്‍ഷികമാണ് ഇന്ന്. 1889 നവംബര്‍ 14നാണ് കുട്ടികള്‍ ചാച്ചാ നെഹ്‌റു എന്നു വിളിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജനിച്ചത്. ‘ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നത്. നമ്മള്‍ എങ്ങനെയാണോ അവരെ പരിഗണിക്കുന്നത്, അതുപോലെ ആയിരിക്കും രാജ്യത്തിന്റെ ഭാവി’ നെഹ്‌റുവിന്റെ വാക്കുകളാണിത്.

1964നു മുന്‍പ് ഇന്ത്യയില്‍ ശിശുദിനം ആഘോഷിച്ചിരുന്നത് നവംബര്‍ 20നായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു ഇത്. 1964ല്‍ നെഹ്‌റു മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്വാതന്ത്രസമര കാലത്തെ നെഹ്‌റുവിന്റെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.

നെഹ്‌റുവിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

‘നാളെയുടെ വെളിച്ചമാണ് കുട്ടികള്‍. കുട്ടികളുടെ അവകാശങ്ങള്‍, സംരക്ഷണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഈ ശിശു ദിനത്തില്‍ ചര്‍ച്ച ചെയ്യാം എന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.

സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ ശാന്തി വനില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

കുട്ടികള്‍ക്കായി പലവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.

Top