നെഹ്‌റു കുടുംബത്തിന്റെ ഒത്തുചേരലിന്‌ ഉത്തര്‍പ്രദേശ്‌ വഴിയൊരുക്കുമോ?

നെഹ്‌റു കുടുംബത്തിന്റെ ഒത്തുചേരലിനും കോണ്‍ഗ്രസ് മുന്നേറ്റത്തിനും ഉത്തര്‍പ്രദേശ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വഴിയൊരുക്കുമോ? കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും പിതൃസഹോദരപുത്രന്‍ വരുണ്‍ഗാന്ധിയും കോണ്‍ഗ്രസിനു വേണ്ടി യു.പിയില്‍ രംഗത്തിറങ്ങുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഇന്ദിരാഗാന്ധിയുടെ നിഴലായി നിന്ന മകന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ സഞ്ജയിന്റെ ഭാര്യ മനേക ഗാന്ധി നെഹ്‌റുകുടുംബത്തിനെതിരായാണ് നിലയുറപ്പിച്ചത്. മനേക ഗാന്ധി ഇപ്പോള്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയും മകന്‍ വരുണ്‍ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമാണ്.

നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ കൈവെള്ളയിലായിരുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നാമാവശേഷമായ അവസ്ഥയിലാണിപ്പോള്‍. എന്നും ഗാന്ധികുടുംബവുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവരാണ് യു.പിയിലെ വോട്ടര്‍മാര്‍.

ജാതി, മതരാഷ്ട്രീയം കളംപിടിച്ചപ്പോഴാണ് കോണ്‍ഗ്രസ് പിന്നിലായത്. എങ്കിലും രാഹുല്‍ഗാന്ധി പ്രധാന പ്രചാരകനായപ്പോള്‍ തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് 2009തില്‍ 21 സീറ്റുമായി മിന്നുന്ന മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ 2014ല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടായപ്പോള്‍ പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വന്നു. വിട്ടുവീഴ്ചകള്‍ നടത്തിയ കോണ്‍ഗ്രസിന് രാഹുല്‍ഗാന്ധിയുടെ അമേഠിയിലും സോണിയാഗാന്ധിയുടെ റായ്ബറേലിയിലും മാത്രമേ വിജയിക്കാനായുള്ളൂ.

രാമക്ഷേത്രനിര്‍മാണം മുഖ്യപ്രചരണായുധമാക്കിയ ബി.ജെ.പിയും സഖ്യകക്ഷിയായ അപ്‌ന ദളും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 73 സീറ്റും നേടിയിരുന്നു. കോണ്‍ഗ്രസുമായി സഖ്യമായി മത്സരിച്ച സമാജ്‌വാദി പാര്‍ട്ടി അഞ്ച് സീറ്റിലേക്കു ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബി.എസ്.പി ഒറ്റ സീറ്റുപോലും നേടാനാവാതെ സംപൂജ്യ പരാജയമായിരുന്നു.

തോല്‍വിയില്‍ നിന്നും ഫീനിക്‌സ്പക്ഷിയെപ്പോളെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. അടിയന്തിരാവസ്ഥക്കു ശേഷം ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തകര്‍ന്നടിഞ്ഞു. ഇന്ദിരാഗാന്ധി പോലും പരാജയപ്പെട്ട തെരഞ്ഞെടുപ്പില്‍ യു.പി അടക്കമുള്ള ഉത്തരേന്ത്യസംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കു സാക്ഷിയായി. കേവലം 153 സീറ്റിലേക്കാണ് കോണ്‍ഗ്രസ് ചുരുങ്ങിയത്.

350 സീറ്റുകളുമായി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസിനായിരുന്നു ഈ തകര്‍ച്ച. മൂന്നു വര്‍ഷത്തിനു ശേഷം ജനത സര്‍ക്കാരിന്റെ തകര്‍ച്ചയോടെ 1980തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റുപോലെ ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തി. 153 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് 353 സീറ്റുമായാണ് ഭരണം തിരിച്ചുപിടിച്ചത്.

ഇന്ദിരാഗാന്ധിയുടെ രൂപ സാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയും രാജീവ്ഗാന്ധിയുടെ ചുറുചുറുക്കുള്ള രാഹുലും സഞ്ജയ് ഗാന്ധിയുടെ മാസ്മരികതയുള്ള വരുണ്‍ ഗാന്ധിയും ഒന്നിച്ചാല്‍ അത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാകും സാക്ഷ്യം വഹിക്കുക.

അജിത്‌സിങിന്റെ രാഷ്ട്രീയ ലോക്ദളും മുലായംസിങ് യാദവിന്റെ ഇളയ സഹോദരന്‍ ശിവ്പാല്‍യാദവിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശവും കര്‍ഷകരുടെ പ്രശ്‌നങ്ങളുയര്‍ത്തുന്ന പ്രചരണവും കൊഴുപ്പിച്ചാല്‍ യു.പിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അകലെയല്ല.

political reporter

Top