ദോക്‌ലാം സംഘര്‍ഷം ; ഇന്ത്യയുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തേണ്ടി വന്നെന്ന് ചൈന

ന്യൂഡല്‍ഹി: ദോക്‌ലാം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെന്ന് ചൈന.

അതിര്‍ത്തിയില്‍ രണ്ടു മാസത്തിലധികം നീണ്ട സംഘര്‍ഷം ശാന്തമാക്കാനാണ് ചര്‍ച്ച നടത്തിയതെന്നാണ് ചൈനയുടെ വെളിപ്പെടുത്തല്‍.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ദോക്‌ലാം വിഷയം ചര്‍ച്ചയായത്. നിരവധി രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

ദോക്‌ലാമില്‍ ഉടലെടുത്ത സംഘര്‍ഷം സുരക്ഷിതമായി അവസാനിപ്പിക്കാന്‍ ഇന്ത്യയുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയത് ഇതിന് ഉദാഹരണമാണെന്നും സൈനിക വക്താവ് ലിയു ഫാങ് വ്യക്തമാക്കി.

‘പ്രായോഗിക സഹകരണത്തിനു സൈന്യം നന്നായി ശ്രമിക്കുന്നുണ്ട്. എന്റെ സഹപ്രവര്‍ത്തകരും മറ്റു മന്ത്രാലയങ്ങളും വളരെയധികം അടുപ്പത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയുമായി പലതവണ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യചൈന അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇതെല്ലാം സഹായിച്ചു. പ്രശ്‌നങ്ങളെല്ലാം സുരക്ഷിതമായി സമാപിച്ചു. 28 രാജ്യങ്ങളോ സംഘടനകളോ ആയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’ ലിയു ഫാങ് പറഞ്ഞു. യുദ്ധത്തിനല്ല, സമാധാനത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്നും കൂടിയാണ് ലിയു ഫാങ്ങിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

73 ദിവസമാണ് ദോക്‌ലാമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം സംഘര്‍ഷാന്തരീക്ഷത്തില്‍ മുഖാമുഖം നിന്നത്.

ഒട്ടേറെ നയതന്ത്ര ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കു ശേഷമാണ് ഇരുപക്ഷത്തെയും സൈന്യം പിന്‍വാങ്ങിയത്. ദോക്‌ലാം വിഷയം രമ്യമായി പരിഹരിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ കഠിനമായി ശ്രമിച്ചിരുന്നെന്ന പുതിയ വെളിപ്പടുത്തലുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.

Top