ട്രംപിന് തിരിച്ചടി; പ്രശ്‌നങ്ങള്‍ക്ക് കാരണം യുഎസ്, ചര്‍ച്ചകള്‍ അസാധ്യമെന്ന് ചൈന

us_china

ബെയ്ജിംഗ്: ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. നിലവിലെ സാഹചര്യങ്ങളില്‍ ചര്‍ച്ചകള്‍ അസാധ്യമാണെന്ന് ചൈന. വ്യാപാരതടസങ്ങള്‍ നീക്കാന്‍ ചൈന തയാറാകുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായാണ് ചൈന രംഗത്തെത്തിയത്.

നിലവിലെ സാഹചര്യങ്ങളില്‍, ഇരുകൂട്ടര്‍ക്കും ചര്‍ച്ച ചെയ്യാന്‍ പോലും സാധിക്കില്ലെന്നും യുഎസ് ഒരു വശത്ത് ഭീഷണി മുഴക്കുകയും മറുവശത്ത് ചര്‍ച്ചകള്‍ക്കു തയാറാണെന്ന് പറയുകയുമാണ് ചെയ്യുന്നതെന്നും, യുഎസിനെ ഈ നടപടിക്കു പ്രേരിപ്പിക്കുന്നത് ആരാണെന്നു പോലും പറയാന്‍ കഴിയുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാംഗ് പറഞ്ഞു. നിലവില്‍ ഉടലെടുത്തിരിക്കുന്ന വ്യാപാര പ്രശ്‌നങ്ങള്‍ക്കു കാരണം യുഎസ് നടപടികളാണെന്നും ജെംഗ് കുറ്റപ്പെടുത്തി.

ഈയാഴ്ച ആദ്യം ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങളില്‍ അമേരിക്ക 25 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം യുഎസില്‍നിന്നുള്ള സോയാബീന്‍, വാഹനങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയ്ക്കു ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചിരുന്നു. 106 ഇനങ്ങള്‍ക്കാണു ചൈന 25 ശതമാനം പിഴച്ചുങ്കം ചുമത്തിയത്. കഴിഞ്ഞവര്‍ഷം 5,000 കോടി ഡോളറിന്റെ (3.25 ലക്ഷം കോടി രൂപ) ഇറക്കുമതി നടന്നവയാണു പിഴച്ചുങ്കം ചുമത്തപ്പെട്ട ചൈനീസ് ഉല്‍പന്നങ്ങളും യുഎസ് ഉത്പന്നങ്ങളും.

Top