നെഗറ്റീവ് റിവ്യൂകള്‍ വലിയ സ്വാധീനം, നട്ടെല്ലൊടിയുന്നത് നിര്‍മാതാവിന്റേത്; ആന്റോ ജോസഫ്

നെഗറ്റീവ് റിവ്യൂകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നിര്‍മാതാവിനേയാണെന്നും ഒരാള്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞെന്നുകരുതി ഒരു നടനോ നടിക്കോ അടുത്ത സിനിമ കിട്ടാതെ പോകുന്നില്ലെന്നും എന്നാല്‍ നിര്‍മാതാവിന്റെ കാര്യം ഇതല്ല. അയാളുടെ നട്ടെല്ലാണ് ഒടിയുക എന്ന അഭിപ്രായവുമായ് നിര്‍മ്മാതാവ് ആന്റോ ജോസഫ്.

ഒ.ടി.ടി സാറ്റലൈറ്റ് വിപണികളിലും നെഗറ്റീവ് റിവ്യൂകള്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഒ.ടി.ടി വന്ന കാലത്ത് മിക്ക സിനിമകളും റിലീസിനുമുമ്പേ എടുക്കുന്ന രീതിയാണുണ്ടായിരുന്നത്. ഇപ്പോള്‍ അതിന് മാറ്റംവന്നു. തിയേറ്ററിലെ പ്രകടനം നോക്കിയാണ് ഒ.ടി.ടിക്കാരും സാറ്റലൈറ്റ് ചാനലുകളും സിനിമ വാങ്ങുന്നത്. നെഗറ്റീവ് റിവ്യൂവിന്റെ ഫലമായി തിയേറ്ററില്‍ വീണുപോയ ഒരു സിനിമ വാങ്ങാന്‍ പിന്നെ ആളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഒ.ടി.ടി-സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോകാത്ത ഒട്ടേറെ സിനിമകളുണ്ട്. അഭിപ്രായം പറയരുതെന്നല്ല, അഭിപ്രായ പ്രകടനത്തിന് എതിരുമല്ല. പക്ഷേ അതിന് ഒരു സാവകാശം നല്‍കണം. ഒരാഴ്ചയെങ്കിലും കഴിഞ്ഞുമാത്രം റിവ്യൂ നല്‍കിയാല്‍ വലിയൊരളവുവരെ സിനിമ രക്ഷപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top