പുതിയ സെർച്ച് എൻജിൻ ‘നീവ’യുമായി മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍

ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ ചേർന്ന് രൂപംനല്‍കിയ പുതിയ സെർച്ച് എൻജിനാണ് ‘നീവ’. ഗൂഗിളിനോട് മത്സരിക്കാൻ 2021 പകുതിയോടെ ‘നീവ’യുടെ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച് എഞ്ചിന്‍ എന്നാണ് ‘നീവ’യെ കുറിച്ച് അണിയറശില്‍പികള്‍ അവകാശപ്പെടുന്നത്.

ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്, സബ്സ്‌ക്രിപ്ഷന്‍ മോഡലിലാണ് ‘നീവ’ പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് മുന്നില്‍ സെര്‍ച്ച് സംവിധാനം എത്തിക്കുന്നതിന് മികച്ച ആശയമാണ് പരസ്യ മോഡല്‍. എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പരസ്യങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീധര്‍ രാമസ്വാമി അഭിപ്രായപ്പെടുന്നു.

ചെന്നൈ ഐഐടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. മുംബൈ ഐഐടി ബിരുദധാരിയായ വിവേക് രഘുനാഥന്‍ യൂട്യൂബിലെ മൊണട്ടൈസേഷന്‍ വൈസ് പ്രസിഡന്റും.  നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തില്‍ 45 പേരുള്ള സംഘമാണ് ‘നീവ’യ്ക്ക് രൂപംനല്‍കുന്ന സ്റ്റാര്‍ട്ടപ്പിലുള്ളത്. ആദ്യം യുഎസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും ‘നീവ’ സെര്‍ച്ച് എഞ്ചിന്‍ ലഭ്യമാക്കും.3.75 കോടി ഡോളര്‍ സമാഹരിക്കാന്‍ നീവ സ്റ്റാര്‍ട്ടപ്പിന് ഇതിനകം സാധിച്ചിട്ടുണ്ട്.

Top