സാമ്പത്തിക മാന്ദ്യത്തിന്‌ കാരണം രഘുറാം രാജന്റെ നയങ്ങള്‍; നോട്ടുനിരോധനമല്ലെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും നോട്ട് നിരോധനവും തമ്മില്‍ നേരിട്ടു യാതൊരു ബന്ധവുമില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍.

റിസര്‍വ് ബാങ്ക് മുന്‍ ചെയര്‍മാന്‍ രഘുറാം രാജന്റെ നയങ്ങളാണു സാമ്പത്തിക മാന്ദ്യത്തിനു കാരണമെന്നും അദ്ദേഹം ആര്‍ബിഐ തലവനായിരുന്ന കാലത്താണ് നിഷ്‌ക്രിയ ആസ്തികള്‍ കുതിച്ചുയര്‍ന്നതെന്നും രാജീവ് കുമാര്‍ കുറ്റപ്പെടുത്തി.

നോട്ട് നിരോധനം സാമ്പത്തിക മാന്ദ്യത്തിനു കാരണമായെന്നത് ഒരു വ്യാജപ്രചാരണമാണെന്നും, വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍ നോക്കിയാല്‍ നോട്ട് നിരോധനം മൂലമല്ല വളര്‍ച്ച മുരടിച്ചതെന്നു കാണാന്‍ കഴിയുമെന്നും, വളര്‍ച്ചാ മുരടിച്ച് ഒരു തുടര്‍ച്ചയായിരുന്നു. ആറു പാദങ്ങളായി വളര്‍ച്ച താഴേയ്ക്കായിരുന്നെന്നും രാജീവ് കുമാര്‍ പറഞ്ഞു.

മാത്രമല്ല, 2008-ല്‍ താന്‍ നോട്ട് നിരോധനത്തിനു നിര്‍ദേശിച്ചിരുന്നെന്നും സാമ്പത്തിക മേഖല ശുദ്ധീകരിക്കാന്‍ അങ്ങനെ ഒന്ന് ആവശ്യമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് നാലുലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തിയാണുണ്ടായിരുന്നത്. 2017 മധ്യത്തോടെ ഇത് 10.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തി കണക്കാക്കാന്‍ രഘുറാം രാജന്‍ നടപ്പിലാക്കിയ രീതി കാരണം ബാങ്കുകള്‍ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിയെന്നും ഇത് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിച്ചെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

Top