നീറ്റ് പിജി കേസ്: സുപ്രീംകോടതി വിധി ഇന്ന്

ഡൽഹി: നീറ്റ് പിജി കൗൺസലിംഗ് പ്രത്യേകം നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

നീറ്റ് പിജി ഒഴിവു വന്ന സീറ്റുകളിലേക്ക് പ്രത്യേക കൗൺസലിംഗ് നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിയെ കേന്ദ്രസർക്കാർ എതിർത്തു. നിലവിൽ ഒമ്പത് റൗണ്ട് കൗൺലിംഗ് ഇതിനോടകം പൂർത്തിയായി.

ഉദ്യോഗാർത്ഥികൾ നോൺ ക്ലിനിക്കൽ സീറ്റുകൾ എടുക്കാത്തതിന്റെ അനന്തരഫലമാണ് അവശേഷിക്കുന്ന വലിയഭാഗം ഒഴിവുകൾക്ക് കാരണമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി മെഡിക്കൽ കൗൺസിൽ കമ്മിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിക്കരുതെന്ന് കോടതി മുന്നറിയിപ്പും നൽകിയിരുന്നു. അവസാന റൗണ്ട് കൗൺസിലിംഗിന് ശേഷവും 1,456 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.

Top