നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വര്‍ഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ഈ വര്‍ഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗുമായി മുന്നോട്ട് പോകാന്‍ ഇതോടെ അനുമതിയായിരിക്കുകയാണ്. മുന്നോക്ക സംവരണ കേസ് മാര്‍ച്ച് മൂന്ന് സുപ്രീം കോടതി വിശദമായി വാദം കേള്‍ക്കും.

ഉത്തരവോടെ കോടതി നടപടികളില്‍ കുരുങ്ങിക്കിടന്ന ഈ വര്‍ഷത്തെ പ്രവേശന നടപടികളിലെ അനിശ്ചിതത്വം നീങ്ങുകയാണ്. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയില്‍ ഈ വര്‍ഷത്തേക്ക് മാറ്റങ്ങള്‍ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോടതി വാദം കേട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് ഉത്തരവിറക്കുന്നത്.

രാജ്യതാല്പര്യം കണക്കിലെടുത്ത് നീറ്റ് പിജി കൗണ്‍സിലിംഗ് എത്രയും വേഗം തുടങ്ങേണ്ടതുണ്ടെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നീറ്റ് പിജി പ്രവേശനത്തിലെ മുന്നോക്ക സംവരണം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക.

Top