നീറ്റ് പ്രവേശന പരീക്ഷ; വസ്ത്രധാരണത്തിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍

neet

തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനായി സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്നു നടക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം ഒരു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് പരീക്ഷയെഴുതുന്നത്.

രാവിലെ പത്തു മുതല്‍ ഒരു മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പത്തു കേന്ദ്രങ്ങളിലാണു പരീക്ഷ.

9.30 നുള്ളില്‍ പരീക്ഷാര്‍ഥികള്‍ ഹാളില്‍ കയറിയിരിക്കണം. പരീക്ഷാ ഹാളിലേക്കു രാവിലെ 7.30 മുതല്‍ പ്രവേശനം അനുവദിക്കും. 9.30 നു ശേഷമെത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പരീക്ഷാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിറ്റ് കാര്‍ഡും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതമാണു പരീക്ഷയ്ക്ക് എത്തേണ്ടത്. പേന പരീക്ഷാ കേന്ദ്രത്തില്‍ നിന്നു ലഭിക്കും.

ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുളള ചെരിപ്പുകളും മാത്രമെ ഉപയോഗിക്കാവൂ. പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാം. ഇവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Top