നീറ്റ്, ജെഇഇ പരീക്ഷ മാറ്റിവയ്ക്കണം; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വിവരം. പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം. ഹര്‍ജി തയ്യാറാക്കാനായി പഞ്ചാബ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ നീരജ് കുന്ദന്‍ അനിശ്ചിതകാല സമരം തുടങ്ങി. പരീക്ഷകള്‍ നടത്തുന്നതിലും ജിഎസ്ടി വിഹിതം പിടിച്ചു വയ്ക്കുന്നതിലും കേന്ദ്രത്തിനെതിരെ സംയുക്ത നീക്കത്തിന് സോണിയ ഗാന്ധി വിളിച്ച 7 മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു.

മമത ബാനര്‍ജി, ഹേമന്ത് സോറെന്‍, ഉദ്ധവ് താക്കറെ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പരീക്ഷ നടത്താനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ സംയുക്ത പുനപരിശോധന ഹര്‍ജി നല്‍കാമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രത്തെ ഭയക്കണോ ചെറുക്കണോ എന്ന് തീരുമാനിക്കാന്‍ സമയമായെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ നിലപാട്. ദില്ലിയിലുള്ളവര്‍ പ്രധാനമന്ത്രിയെ കണ്ട് ഇടപെടല്‍ ആവശ്യപ്പെടണമെന്നും അവിടെ തീരുമാനമില്ലെങ്കില്‍ പിന്നെ സുപ്രീംകോടതിയെ സമീപിക്കാതെ വേറെ വഴി ഇല്ലെന്നുമാണ് മമത ബാനര്‍ജി ഇന്ന് പറഞ്ഞത്.

ഇപ്പോള്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ ജീവന് ഭീഷണിയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി നിലപാടെടുത്തത്. പ്ല്രസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.

Top