നീറ്റ് പരീക്ഷ; വിദേശത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികളുടെ ക്വാറന്റീന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തു നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എടുക്കാമെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികള്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏതാണ്ട് 5000 ത്തോളം പേരാണ് കേരളത്തില്‍ എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരീസ് ബീരാന്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ പലരും ജെ.ഇ.ഇ. പരീക്ഷ എഴുതിയ ശേഷം സെപ്റ്റംബര്‍ ആറ് കഴിഞ്ഞാണ് നാട്ടിലേക്ക് വരുന്നത്. അത് കൊണ്ട് സെപ്തംബര്‍ 13ന് നടക്കുന്ന നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തു നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോടതി ക്വാറന്റീന്‍ ഒഴിവാക്കാന്‍ ഉത്തരവിടില്ലെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Top