കര്‍ശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ ആരംഭിച്ചു

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നീറ്റ് പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാര്‍ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ പരീക്ഷാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നേരത്തെ നിലവിലുള്ള നിയന്ത്രണങ്ങളും വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ.

സാമൂഹികാകലം പാലിച്ചു കൊണ്ട് ഉച്ചയ്ക്ക് ഒന്നര മണിവരെ വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കള്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കുണ്ട്.

ഒരു മുറിയില്‍ 12 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു മുറിയില്‍ അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

Top