നീറ്റ് പരീക്ഷ: പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ‌നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം.

ഹർജി നിലനിൽക്കില്ലെന്ന എൻടിഎയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണമെന്നത് അടക്കമുള്ള ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതി ഉയര്‍ന്നത്.

 

Top