നീറ്റ് പരീക്ഷ; നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് എം.കെ സ്റ്റാലിന്‍

ചെന്നൈ: നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിയമനിര്‍മാണവുമായി തമിഴ്നാട് സര്‍ക്കാര്‍. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു.

പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം എന്നുള്ളതായിരുന്നു തമിഴ്നാട്ടില്‍ നേരത്തെയുണ്ടായിരുന്ന സംവിധാനം. എന്നാല്‍ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാര്‍ക്ക് നേടുന്നവര്‍ക്കു പോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിവന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നീറ്റ് പരീക്ഷകൊണ്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്ന് നേരത്തെ സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. നീറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷാപ്പേടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ അനുശോചിച്ചു.

 

Top