ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി; 6 പേര്‍ കൂടി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പ്രവേശന പരീക്ഷ എഴുതിയ ആറുപേരെ കൂടി അറസ്റ്റ് ചെയ്തു. പരീക്ഷ എഴുതിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളും മതാപിതാക്കളുമാണ് പിടിയിലായത്.

സത്യസായി മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയ അഭിരാമി, പിതാവ് മാധവന്‍ ബാലാജി, മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ പ്രവീണ്‍, പിതാവ് ശരവണന്‍, എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ രാഹുല്‍, പിതാവ് ഡേവിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ഏജന്റിന് പണം കൈമാറിയ മുംബൈ സ്വദേശി വെങ്കടേഷിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റിഡിയിലെടുത്തിരുന്നു.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഉണ്ടായ സംശയത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്താവുന്നത്. ഉദിത്തിന്റെ മുഖവും ഹാള്‍ ടിക്കറ്റിലെ ഫോട്ടയും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ക്ക് മനസിലായതോടെ, കോളേജ് ഡീന്‍ വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ വിവരം അറിയിക്കുകയും കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.

രണ്ട് തവണ പ്രവേശന പരീക്ഷ എഴുതിയിട്ടും പാരജയപ്പെട്ടതോടെ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയും പിതാവും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഏജന്റിന് പണം നല്‍കിയ വെങ്കിടേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2017 മുതലുള്ള മുഴുവന്‍ പ്രവേശനങ്ങളും പരിശോധിക്കനാണ് എം.ജി.ആര്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം.

Top