നീറ്റ് പരീക്ഷ : പൊതുതാല്‍പ്പര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിക്കുക. തിരുവനന്തപുരം സ്വദേശിയാണ് ഹർജി നൽകിയത്.

പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. കൂടാതെ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണം. മാത്രവുമല്ലാ സൗജന്യ കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

ദേശീയ തലത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവൻ തന്നെ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരം ആണെന്നും അടിവസ്ത്രം അഴിക്കാൻ പരിശോധിച്ചവർ പറഞ്ഞിട്ടില്ല എന്നും ജോബി ജീവൻ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷൻപിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളേജിലേക്ക് അയച്ചത്. ആർക്കും പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാർ ഏജൻസിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ട് ഉണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളേജിൽ ചെയ്തത്.

Top