ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതി; അറസ്റ്റിലായവരില്‍ മലയാളികളും

ചെന്നൈ: തമിഴ്നാട്ടില്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പ്രവേശന പരീക്ഷ എഴുതിയ കേസില്‍ സി.ബി.സി.ഐ.ഡി അറസ്റ്റ് ചെയ്തവരില്‍ മലയാളികളും. എസ്.ആര്‍.എം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ തൃശ്ശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായ മലയാളികള്‍.

കഴിഞ്ഞ ദിവസം തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്‍പാടാക്കി കൊടുത്തതെന്നും, ഇയാള്‍ക്ക് 20ലക്ഷം രൂപ കൈമാറിയതായും ഇവര്‍ സി.ബി.സി.ഐ.ഡിയ്ക്ക് മൊഴി നല്‍കി. മലയാളിയായ റഷീദിനും കേസില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

വ്യാഴാഴ്ചയാണ് തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഉദിത് സൂര്യയെയും പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഡോ. വെങ്കടേശരനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ജോര്‍ജ് ജോസഫ് 20 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ഉണ്ടായ സംശയത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്താവുന്നത്. ഉദിത്തിന്റെ മുഖവും ഹാള്‍ ടിക്കറ്റിലെ ഫോട്ടയും തമ്മില്‍ സാമ്യമില്ലെന്ന് അധികൃതര്‍ക്ക് മനസിലായതോടെ, കോളേജ് ഡീന്‍ വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ വിവരം അറിയിക്കുകയും കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കുകയുമായിരുന്നു.

ഉദിത് സൂര്യയെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. നീറ്റ് പരീക്ഷയുടെ ആള്‍മാറാട്ടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

തമിഴ്‌നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ സ്വദേശി ഉദിത്ത് സൂര്യ,അഭിരാമി , പ്രവീണ്‍ രാഹുല്‍ എന്നിവരും ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

Top