നീറ്റ് പരീക്ഷ വിവാദം: അഞ്ചുപേർ കസ്റ്റഡിയിൽ

ആയൂരിൽ നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. അഞ്ച് പേരും സ്ത്രീകളാണ്. രണ്ട് പേർ കോളേജ് ജീവനക്കാരും മൂന്ന് പേർ ഏജൻസി ജീവനക്കാരുമാണ്. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊട്ടാരക്കര ഡിവൈഎസ്പി ജി. ഡി. വിജയകുമാർ കേസ് അന്വേഷിക്കുമെന്ന് കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. മൂന്ന് സ്ത്രീകളാണ് വിദ്യാർത്ഥികളുടെ പരിശോധനയ്ക്കുണ്ടായിരുന്നത്. ഇവരിൽ ആരാണ് അടിവസ്ത്രം മാറ്റാൻ നിർദ്ദേശം നൽകിയതെന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേരളം നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജൻസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top