നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദ്ദം മൂലമെന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ സമ്മര്‍ദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. പരീക്ഷ നീളുന്നതില്‍ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാര്‍ഡ് ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത 80 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതുമെന്നും മന്ത്രി വ്യക്തമാക്കി.

‘വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാര്‍ഥികള്‍ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നത്’ മന്ത്രി പറഞ്ഞു.

ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി.

Top