നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.സി സുപ്രീംകോടതിയെ സമീപിച്ചു.

തമിഴില്‍ നീറ്റ് എഴുതിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും 196 മാര്‍ക്ക് വീതം അധികം നല്‍കണമെന്ന വിധിക്കെതിരെയാണ് സിബിഎസ്ഇ ഹര്‍ജി നല്‍കിയിരിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സിബിഎസ്ഇ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

തങ്ങളുടെ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇയുടെ ഹര്‍ജിക്കെതിരെ സി.പി.എം രാജ്യസഭാംഗം ടി.കെ. രംഗരാജന്‍ കഴിഞ്ഞ ബുധനാഴ്ച സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു.

നീറ്റ് തമിഴ് ചോദ്യപേപ്പറിലെ 49 ചോദ്യങ്ങളില്‍ പിഴവുണ്ടെന്നും ഇതിന്റെ മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം മെഡിക്കല്‍ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്നും കാണിച്ച് ടി.കെ. രംഗരാജന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് സി.ടി. ശെല്‍വം, എ.എം. ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ചോദ്യക്കടലാസ് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തത് ഭാഷാവിദഗ്ധരാണെന്നും പരീക്ഷ നടത്തിപ്പിന്റെ ചുമതല മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും സി.ബി.എസ്.ഇ വാദിച്ചുവെങ്കിലും ഇത് കോടതി നിരസിക്കുകയായിരുന്നു.

ഹൈക്കോടതി വിധി അതേപടി നടപ്പാക്കേണ്ടി വന്നാല്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിദ്യാര്‍ഥികളുടെ അഖിലേന്ത്യാ നീറ്റ് റാങ്കില്‍ മാറ്റമുണ്ടാകും. റാങ്ക് മാറുമ്പോള്‍, അതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ ചെയ്ത കാര്യങ്ങളെയെല്ലാം അത് ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ നിരീക്ഷണം.

Top