വിവാദ വ്യവസായി നീരവ് മോദിയ്‌ക്കെതിരെ സാക്ഷിയായി സഹോദരി

neerav modi

ന്യൂഡല്‍ഹി: വിവാദ വ്യവസായി നീരവ് മോദിയ്‌ക്കെതിരെ സാക്ഷി പറയാന്‍ സഹോദരി എത്തുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണിത്. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നീരവിന്റെ സഹോദരി പൂര്‍വ്വി മെഹ്ത്ത എത്തുക. ബെല്‍ജിയന്‍ പൗരയാണ് പൂര്‍വ്വി.

പൂര്‍വ്വിക്കെതിരെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു കേസ്. മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പൂര്‍വ്വി നവംബറില്‍ തന്റെ അഭിഭാഷകര്‍ മുഖേന കോടതിയെ സമീപിച്ചിരുന്നു.

മെഹ്ത്തയുടെ അപേക്ഷ സ്വീകരിച്ച പ്രത്യേക ജഡ്ജ് വി.സി ബാര്‍ഡേ അവര്‍ക്ക് ഇന്ത്യയിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നീരവ് മോദി തട്ടിപ്പിലൂടെ സമ്പാദിച്ച തുക പൂര്‍വ്വി ഡയറക്ടറായ ഹോം കോങ് ആസ്ഥാനമായ കമ്പനിയിലൂടെയാണ് കൈമാറ്റം ചെയ്തത്. എന്നാല്‍ തനിക്ക് ഈ ഇടപാടുകളെകുറിച്ച് അറിവില്ലെന്നാണ് പൂര്‍വ്വി പറയുന്നത്.

നീരവ് മോദിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വിയുടെ കുടുംബത്തെയും ബാധിച്ചുവെന്നും ഇക്കാരണത്താല്‍ ഇരുവരും അകന്നാണ് നില്‍ക്കുന്നതെന്നും അവരുടെ അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 23,780 കോടി രൂപയുടെ തുക തട്ടിയെടുത്തുവെന്നതാണ് നീരവ് മോദിക്കെതിരായ കേസ്.

Top