ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ഫൈനലില്‍ നീരജിന് എതിരാളി ഇല്ല

ഹാങ്ചൗ: പാകിസ്താന്‍ താരം അര്‍ഷാദ് നദീം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. ജാവലിന്‍ ത്രോ ഫൈനല്‍ നാളെ നടക്കാനിരിക്കെ പാക് താരത്തിന്റെ പിന്മാറ്റം. വലതു കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റമെന്ന് പാകിസ്താന്‍ അത്ലറ്റിക്സ് പ്രതികരിച്ചു. സെപ്റ്റംബര്‍ 27നും ഒക്ടോബര്‍ 2നും അര്‍ഷാദ് കാല്‍മുട്ടിന്റെ വേദനയെകുറിച്ച് അറിയിച്ചിരുന്നു. പിന്നാലെ ചികിത്സയ്ക്ക് വിധേയനാകാന്‍ താരത്തെ ഉപദേശിക്കുകയായിരുന്നു.

ഡയമണ്ട് ലീഗ് ഫൈനല്‍സ് ഉള്‍പ്പടെ ഒഴിവാക്കിയാണ് അര്‍ഷാദ് ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുത്തിരുന്നത്. ഏഷ്യന്‍ ഗെയിംസില്‍ നീരജിനെ തോല്‍പ്പിക്കുകയായിരുന്നു അര്‍ഷാദിന്റെ ലക്ഷ്യം. നാളെ നടക്കുന്ന ജാവലിന്‍ ത്രോ ഫൈനലില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയാണ് നീരജ് ചോപ്ര. കിഷോര്‍ കുമാറും ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോ ഫൈനലില്‍ മത്സരിക്കും.

ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ പ്രധാന എതിരാളിയാണ് അര്‍ഷാദ് നദീം. തന്റെയും അര്‍ഷാദിന്റെയും മത്സരം കാണാനായി കായിക ലോകം കാത്തിരിക്കുന്നതായി നീരജ് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അര്‍ഷാദിനെതിരെ എപ്പോഴും തനിക്കായിരുന്നു ജയം. അര്‍ഷാദിനെതിരെ മത്സരിക്കുമ്പോള്‍ താന്‍ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യുമെന്നും നീരജ് വ്യക്തമാക്കിയിരുന്നു.

 

Top