നീരജ് ചോപ്ര ഇന്ന് ഓസ്ട്രാവയില്‍ നടക്കുന്ന ഗോള്‍ഡന്‍ സ്പൈക്ക് മീറ്റിനുമില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര ചെക്ക് റിപ്പബ്ലിക്കിലെ ഓസ്ട്രാവയില്‍ ഇന്ന് നടക്കുന്ന ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ പങ്കെടുക്കില്ല. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ലോക ഒന്നാംറാങ്കുകാരനായ ജാവ്ലിന്‍ ത്രോ താരം. കഴിഞ്ഞമാസം വിദേശപരിശീലനത്തിനിടെയാണ് പരിക്കേറ്റത്.

തുടര്‍ന്ന് ജൂണ്‍ നാലിന് നടന്ന എഫ്ബികെ ഗെയിംസിലും 13ന് നടന്ന ഫിന്‍ഡലന്‍ഡ് പാവോനൂര്‍മി മീറ്റിലും പങ്കെടുത്തില്ല. ഭുവനേശ്വറില്‍ നടന്ന ദേശീയ ഇന്റര്‍ സ്റ്റേറ്റ് മീറ്റിലും സാന്നിധ്യമുണ്ടായില്ല. ഏഷ്യന്‍ അത്ലറ്റിക്സിനുള്ള 54 അംഗ ഇന്ത്യന്‍ ടീമിലും നീരജിന്റെ പേരില്ല.

സ്വിറ്റ്സര്‍ലന്‍ഡില്‍ 30ന് നടക്കുന്ന ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജുണ്ടാകുമെന്നാണ് വിവരം. മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കറും ഇവിടെ മത്സരിക്കും. ആഗസ്തില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പാണ് നീരജ് ചോപ്രയുടെ ഉന്നം. തുടര്‍ന്ന് ചൈനയിലെ ഏഷ്യന്‍ ഗെയിംസും. ലോക ചാമ്പ്യന്‍ഷിപ്പിന് 11 അത്ലീറ്റുകളാണ് ഇതുവരെ യോഗ്യത നേടിയത്. നീരജിനെയും ശ്രീശങ്കറിനെയും കൂടാതെ ഒമ്പത് താരങ്ങള്‍ക്കുകൂടി യോഗ്യതയുണ്ട്.

Top