കോമൺ വെൽത്ത് ഗെയിംസിൽ നീരജും പീറ്റേഴ്സണും നേർക്കുനേർ

കോമണ്‍വെല്‍ത്ത് ഗെയിംസിലും നീരജ് ചോപ്രയും ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സും തമ്മിൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുന്നു. 2016ല്‍ ജൂനിയര്‍ തലത്തില്‍ തുടങ്ങിയ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ പത്താം പതിപ്പാകും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കാണാനാവുക. ഇതുവരെയുള്ള ജയപരാജയങ്ങളുടെ കണക്കെടുത്താൽ ഇതുവരെ നീരജിന് ആറും പീറ്റേഴ്‌സിന് മൂന്നും ജയം വീതം നേടിയിട്ടുണ്ട്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പീറ്റേഴ്‌സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നീരജ് പൊന്നണിഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

വ്യാഴാഴ്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാവുക. ഈ വര്‍ഷം പലതവണ 90 മീറ്റര്‍ മറികടന്ന പീറ്റേഴ്‌സ് മിന്നും ഫോമിലാണ്. ജൈവലിന്‍ ത്രോയില്‍ , യാന്‍ സെലസ്‌നിയുടെ 26 വര്‍ഷം പഴക്കമുള്ള 98.48 മീറ്ററിന്റെ റെക്കോര്‍ഡിലും കണ്ണുണ്ട് ഗ്രനാഡ താരത്തിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോ ഫൈനല്‍ നടക്കുന്ന ഓഗസ്റ്റ് ഏഴ് നീരജിന് മറക്കാനാകാത്ത ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിനത്തിലായിരുന്നു നീരജ് ടോക്കിയോയില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്ന കരുത്തനെ വീഴ്ത്താന്‍ ബര്‍മിങ്ഹാമില്‍ നീരജ് ഇറങ്ങുമ്പോള്‍ കഴിഞ്ഞ ഓഗസ്റ്റ് ഏഴിലെ ഐതിഹാസികജയം പ്രചോദനമാകുമെന്ന് ഉറപ്പ്.

ഗെയിംസിനായി നീരജ് ചോപ്ര ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ എത്തും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര തന്നെ ഇന്ത്യന്‍ പതാക വഹിക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്. ഓഗസ്റ്റ് അഞ്ചാം തിയതിയാണ് നീരജിന്റെ യോഗ്യതാ മത്സരം. ഏഴാം തിയതി ഫൈനല്‍ നടക്കും. ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.

Top