ഇന്ത്യയുടെ മധ്യനിരയിലേക്ക് ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ട് :സുനില്‍ ഗവാസ്‌കര്‍

ഡല്‍ഹി: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്നോട്ട് തന്നെ കുതിക്കുമ്പോഴും വിരാട് കൊഹ്‌ലിക്ക് പിന്നാലെയെത്തുന്ന താരങ്ങളാരും സ്ഥിരത പുലര്‍ത്തുന്നില്ലെന്നത് ചര്‍ച്ചാ വിഷയമാണ്.

ഈ അവസരത്തില്‍ മധ്യനിരയില്‍ പരീക്ഷിക്കപ്പെടുന്ന താരങ്ങളെല്ലാം വലംകൈ ബാറ്റ്‌സ്മാന്‍മാരാണെന്നും അതാണ് ടീമിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നവും എന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ പറയുന്നു.

മധ്യനിരയിലേക്ക് ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്നും യുവരാജിനെയും റെയ്‌നയെയും ആ സ്ഥനാത്തേക്ക് പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

താരം പറയുന്നതിങ്ങനെ,

‘ഇന്ത്യയുടെ മധ്യനിരയിലേക്ക് നോക്കുമ്പോള്‍ ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമുണ്ടെന്ന് മനസിലാക്കാവുന്നതാണ്. ശിഖര്‍ ധവാനെ ഒഴിച്ചാല്‍ മറ്റൊരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടീമിലില്ല, എന്തുകൊണ്ട് നിങ്ങള്‍ക്ക് ഈ സ്ഥാനത്തേക്ക് റെയ്‌നയെയോ യുവരാജിനെയോ പരിഗണിച്ചുകൂടാ. ഇരുവരെയും ബൗളര്‍മാരായും ഉപയോഗിക്കാന്‍ കഴിയും. എനിക്കറിയാം ഇത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന്. പക്ഷേ മികച്ച ഇടങ്കയ്യന്‍മാരായ താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്’. ഗവാസ്‌കര്‍ വ്യക്തമാക്കി.

Top