സ്പെക്ട്രം മിതമായ നിരക്കിൽ വേണമെന്ന് വിഐ തലവൻ

ന്യൂഡൽഹി: ടെലികോം മേഖലയുടെ ഭാവി സുസ്ഥിരമാകണമെങ്കിൽ  ആവശ്യത്തിനുള്ള സ്പെക്ട്രം  മിതമായ നിരക്കിൽ ലഭ്യമാക്കേണ്ടതുണ്ടെന്നു വോഡഫോൺ ഐഡിയ ലിമിറ്റഡ് (വി) മാനേജിങ് ഡയറക്ടറും  സിഇഒയുമായ രവീന്ദർ താക്കർ. മേഖലയിലെ സാമ്പത്തിക വെല്ലുവിളി കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നുവെന്നതു സമീപകാലത്തെ ഇടപെടലുകളിൽനിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ  പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ഉദ്ഘാടന ചടങ്ങിൽ എയർടെൽ മേധാവി സുനിൽ മിത്തലും  സ്പെക്ട്രം  നിരക്കുകൾ കുറയ്ക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു വ്യക്തമാക്കിയിരുന്നു. ‘ടെലികോം വ്യവസായത്തിന്റെ ഭാവി മികവുറ്റതാക്കണമെങ്കിൽ ചില നടപടികൾ ഉടൻ സ്വീകരിക്കേണ്ടതുണ്ട്. മിതമായ നിരക്കിൽ ആവശ്യത്തിനു സ്പെക്ട്രം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. നികുതിയും  മറ്റ് സാമ്പത്തിക ബാധ്യതയും  കുറയ്ക്കുകയും  ഏകീകരിക്കുകയും ചെയ്യേണ്ടതുണ്ട്. 2018ലെ നാഷനൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ നയത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ ഇടപെടൽ ആവശ്യമാണ്.  ടെലികോം  മേഖലയിലെ  കടുത്ത നിയമയുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള  മാർഗം  സ്വീകരിക്കുകയും വേണം’–അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി പ്രതിമാസ വരുമാനം  വർധിപ്പിക്കാൻ സാധിക്കുമെന്നും  ഇതു കമ്പനികൾക്കു കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം എയർടെൽ, റിലയൻസ്, വി എന്നീ മൂന്നു പ്രധാന ടെലികോം കമ്പനികളും നിരക്കുയർത്തിയിരുന്നു.

Top