സര്‍വ്വീസുകള്‍ക്കായി വ്യോമയാന മേഖല തുറന്ന് നല്‍കാന്‍ കൂടുതല്‍ സമയം വേണം: ഉദ്ധവ്

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വ്യോമയാന മേഖല തുറന്ന് നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ലോക്ക് ഡൗണ്‍ ഉടനെ പിന്‍വലിക്കരുതെന്നും വ്യോമയാന മന്ത്രിയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം, വിമാന യാത്രകള്‍ക്ക് അനുമതി നല്‍കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുവെന്നും എന്നാല്‍ അതിനു മുമ്പ് തയ്യാറെടുക്കാന്‍ തങ്ങള്‍ക്ക് സമയം ആവശ്യമാണെന്നും ഉദ്ധവ് വ്യക്തമാക്കി.

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്ന കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനമെടുത്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ അനുവദിക്കുന്നതില്‍ മഹാരാഷ്ട്ര എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ പരസ്യമായി രംഗത്ത് വന്നത്.

Top