Need a restructuring in administration for a new Kerala Model,says Pinarayi

തിരുവനന്തപുരം: പുതിയൊരു കേരള മോഡല്‍ യാഥാര്‍ഥ്യമാക്കാന്‍ ഭരണരംഗത്തു വലിയ തോതില്‍ പുനഃക്രമീകരണം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിയും കെടുകാര്യസ്ഥതയും സിവില്‍ സര്‍വീസിനെ ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതല്ല അഴിമതിയും കെടുകാര്യസ്ഥതയും. ഇത്തരം ദൂഷ്യങ്ങളില്‍നിന്നു മുക്തമാവുക എന്നതാണ് ജനങ്ങള്‍ ഏറ്റവും കൂടതല്‍ ആഗ്രഹിക്കുന്നത്. അഴിമതിമുക്ത മതനിരപേക്ഷ വികസിത കേരളം എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.

സര്‍വീസ് മേഖലയിലുള്ള സംഘനടകളെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച ചെയ്ത് ഈ മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി സംഘടനകളുടെ യോഗം വിളിക്കുന്ന തീയതി കണ്ടു കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ സിവില്‍ സര്‍വീസിനെ നവീകരിക്കാന്‍ ഭരണപരിഷ്‌കരണം അനിവാര്യമാണ്. സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാനാകണം. നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നത് ജനപക്ഷത്തുനിന്നുകൊണ്ടാകണം.

ജനങ്ങള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളും അവകാശപ്പെട്ട ആനുകൂല്യങ്ങളും സമയബന്ധിതമായി എങ്ങനെ നല്‍കാനാവും എന്നതാണ് ചര്‍ച്ച ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എങ്ങനെ നിഷേധിക്കാമെന്നു ചിന്തിക്കരുത്. അത്തരത്തിലെ നിഷേധ കാഴ്ചപ്പാട് ഉപേക്ഷിക്കുക തന്നെ വേണം, പിണറായി പറഞ്ഞു.

നിയമാനുസൃതമായി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തനത്തിനും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

സിവില്‍ സര്‍വീസില്‍ സുതാര്യത ഉറപ്പുവരുത്തണം. സേവനലഭ്യതയില്‍ ഒരു കാരണവശാലും കാലതാമസം ഉണ്ടാകരുത്. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇ ഗവേണന്‍സ് നടപ്പാക്കണം. ഇതെല്ലാം പാലിക്കാന്‍ കഴിയുന്ന വിധത്തില്‍ തന്നെ ഫലപ്രദമായ സംവിധാനം നിലവില്‍ വരണം. ഉദ്യോഗസ്ഥ സംവിധാനം കുറ്റമറ്റതാക്കണം, പിണറായി നിര്‍ദ്ദേശിച്ചു.

വിവരാവകാശ നിയമം നടപ്പാക്കപ്പെട്ട സമയമാണ് ഇത്. ഒരു പരിധിവരെ ജനങ്ങള്‍ക്കു ഗുണകരമാണ് ഇത്. സേവനാവകാശ നിയമം ജനങ്ങള്‍ ആഗ്രഹിക്കുന്നവിധം യാഥാര്‍ഥ്യമായിട്ടില്ല. എല്ലാ വകുപ്പുകളില്‍നിന്നും സേവനാവകാശ നിയമം വഴി ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. ജനങ്ങളുടെ അവകാശാനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. അതിന്റെ ഭാഗമാണ് പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്നു തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന കമ്മീഷന്‍ ശുപാര്‍ശ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top