തങ്ങളെ തടയാനാരുമില്ലെന്ന ധാർഷ്ട്യത്തിൽ നെടുങ്കണ്ടം സ്റ്റേഷനില്‍ വീണ്ടും ക്രൂരമര്‍ദനം

ഇടുക്കി : നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദനം നടന്നതായി വെളിപ്പെടുത്തല്‍. മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഹക്കീമിനെ കസ്റ്റഡിയില്‍ എടുത്തത്. ക്രൂരമര്‍ദനമേറ്റ ഹക്കീം നെടുങ്കണ്ടത്ത് സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷമാണ് ഹക്കിം ചികില്‍സയ്‌ക്കെത്തിയത്.

തന്നെ പൊലീസ് രാപ്പകല്‍ മര്‍ദിച്ചതായും ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ എടുത്തശേഷമായിരുന്നു മര്‍ദനമെന്നും ഹക്കീം പറഞ്ഞു. ഹക്കീമിന്റെ ഉമ്മയുടെ മുന്നിലിട്ടും പൊലീസ് മര്‍ദിച്ചുവെന്നും ഉമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയതെന്നും ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ഹക്കീം പിടിച്ചുനിന്ന സെല്ലിന്റെ ഗ്രില്‍ വളഞ്ഞുപോയതായും ഹക്കീം വ്യക്തമാക്കി.

അതിനിടെ ഗ്രില്‍ നിവര്‍ത്തിയില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും തന്നെ വിളിച്ചുവരുത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും ഹക്കീമിന്റെ ഉമ്മയും പറയുന്നു. മര്‍ദത്തെത്തുടര്‍ന്ന് വളഞ്ഞ ഗ്രില്‍ തിങ്കളാഴ്ചയാണ് നന്നാക്കിക്കൊടുത്തതെന്നും ഉമ്മ വ്യക്തമാക്കി.

തനിക്ക് മര്‍ദ്ദനമേറ്റ അതേദിവസം പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ മുറിയില്‍ നിന്ന് കരച്ചില്‍ കേട്ടിരുന്നു. ഇത് രാജ്കുമാറിന്റേതായിരുന്നോ എന്ന് അറിയില്ലെന്നും ഹക്കീം പറഞ്ഞു.

ഇതേ സ്റ്റേഷനില്‍ തന്നെയാണ് കഴിഞ്ഞാഴ്ച കുമാര്‍ റിമാന്‍ഡിലികരിക്കെ പൊലീസ് മര്‍ദനമേറ്റ് മരിച്ചത്. ഇയാള്‍ ഉരുട്ടലിന് വിധേയമായെന്നും ശരീരത്ത് നിരവധി മുറിവുകളും ചതവുകളുമുണ്ടെന്നും തെളിയിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരുക്കുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 22 പരിക്കുകളില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവന്‍നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചതാവാം വാരിയല്‍ പൊട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Top