നെടുങ്കണ്ടം കസ്റ്റഡി മരണം ; എസ്.ഐ സാബുവിന് ജാമ്യം

കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ഹൈക്കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

40000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണം, എല്ലാ തിങ്കളാഴ്ച്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നില്‍ ഹാജരാവണം, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം.

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നാണ് മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ് കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്ഐ: കെ.എ. സാബുവിനെയും സിവില്‍ പൊലീസ് ഓഫിസറും ഡ്രൈവറുമായ സജിമോന്‍ ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് അറിയിച്ചു. ഇരുവരും സസ്പെന്‍ഷനിലാണ്. അന്നത്തെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും അറിവോടെയായിരുന്നുവെന്നും സംഭവം നടക്കുന്ന സമയത്തു താന്‍ സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും സാബു. വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.

Top