നെടുങ്കണ്ടം കസ്റ്റഡി മരണം: കൂടുതല്‍ പേര്‍ പ്രതി പട്ടികയിലുണ്ടാകും എന്ന് ക്രൈംബ്രാഞ്ച്…

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതിപ്പട്ടിക വിപുലീകരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിലെ രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊപ്പം മര്‍ദ്ദനത്തിന് സഹായിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കേസില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്‌ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്റണിയേയും അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് വിവരം. ഇവരെ കൂടാതെ കൂടുതല്‍ പൊലീസുകാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്.

രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. ആദ്യ നാല് പ്രതികളെ കൂടാതെ വേറെയും ചിലര്‍ രാജ് കുമാറിനെ മര്‍ദ്ദിച്ചിട്ടുണ്ട്. സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറിയും ഉണ്ടായി. ഇങ്ങനെ മര്‍ദ്ദിച്ചവരും തെളിവു നശിപ്പിച്ചവരുമെല്ലാം പ്രതിപ്പട്ടികയില്‍ വരും. രാജ് കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മര്‍ദ്ദിച്ച പൊലീസുകാരികള്‍ക്കെതിരെയും നടപടിയെടുക്കും.

തിങ്കളാഴ്ച എസ്‌ഐ സാബുവിനേയും സിപിഒ സജീവിനെയും കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കുന്നുണ്ട്. കസ്റ്റഡിയില്‍ കിട്ടിയാല്‍ ഉടനെ അവരുടെ മൊഴി കൂടി അനുസരിച്ചാകും പ്രതിപ്പട്ടിക വിപുലീകരിക്കുക.

Top