സത്യം തുറന്ന് പറഞ്ഞ് കെമാൽ പാഷ, പൊലീസിൽ തിരുത്തലിന് ഉദ്യോഗസ്ഥരും !

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനു മാത്രമല്ല മജിസ്‌ട്രേറ്റിനും ജയില്‍ അധികൃതര്‍ക്കും സംഭവിച്ചത് ഗുരുതര പിഴവ്. മജിസ്‌ട്രേറ്റ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് റിട്ടേഡ് ജസ്റ്റിസ് കെമാല്‍ പാഷ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വീസിലിരിക്കെ മുഖം നോക്കാതെ നടപടി സ്വീകരിച്ച് പൊതു സമൂഹത്തിന്റെയടക്കം കയ്യടി വാങ്ങിയ കെമാല്‍ പാഷയുടെ നിലപാട് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഉന്നത ഉദ്യോഗസ്ഥരും ഗൗരവമായാണ് പാഷയുടെ വാക്കുകളെ നോക്കി കാണുന്നത്. കാറിനടുത്ത് പേയി മജിസ്‌ട്രേറ്റ് പ്രതിയെ റിമന്റ് ചെയ്ത നടപടിയെയാണ് കെമാല്‍ പാഷ ചോദ്യം ചെയ്തിരിക്കുന്നത്. കാറിനടുത്തേക്ക് പോകാനിടയായ സാഹചര്യത്തെ കുറിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആലോചിക്കണമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതേ കുറിച്ച് അന്വേഷിച്ചതിന് ശേഷമായിരുന്നു തുടര്‍ നടപടിയെടുക്കേണ്ടിയിരുന്നത്.

അവശതയിലുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നല്‍കാന്‍ മജിസ്‌ട്രേറ്റ് തയ്യാറാകാത്തനിനെയും കെമാല്‍ പാഷ വിമര്‍ശിച്ചു. ജുഡീഷ്യറിയുടെ അധികാരം ഫലപ്രദമായി വിനിയോഗിക്കാന്‍ മജിസ്‌ട്രേറ്റിന് കഴിയണമായിരുന്നു എന്നാണ് ഈ റിട്ടേഡ് ജസ്റ്റിസിന്റെ അഭിപ്രായം. കസ്റ്റഡി കൊലപാതക കേസില്‍ ജയില്‍ അധികൃതര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായി കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. അത്ര അവശനായ പ്രതിയെ ആശുപത്രിയിലാക്കാന്‍ ജയില്‍ സൂപ്രണ്ട് തയ്യാറാകാതിരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മജിസ്‌ട്രേറ്റിനടുത്തേക്ക് നടക്കാന്‍ കഴിയാതിരുന്ന പ്രതി ജയിലിലേക്ക് നടന്ന് കയറുന്നത് എങ്ങനെയാണെന്നാണ് കെമാല്‍ പാഷയുടെ ചോദ്യം.

നിലവില്‍ മജിസ്‌ട്രേറ്റിന്റെ വീഴ്ച ഹൈക്കോടതി തന്നെ പരിശോധിക്കുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ റിപ്പോര്‍ട്ടാകട്ടെ ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുമുണ്ട്. വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ലഭിക്കും. കുറ്റക്കാരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നത്. ഈ സഹചര്യത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി അനിവാര്യമാണ്.

നിലവില്‍ കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാണ്. ഹരിത ഫിനാന്‍സ് തട്ടിപ്പു കേസിലെ ഒന്നാം പ്രതി കുമാറിനെ കസ്റ്റഡിയില്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് എ.എസ്.ഐ സി.ബി റെജിമോനും പൊലീസ് ഡ്രൈവര്‍ നിയാസുമാണ്. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലുള്ള മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധമായ മൊഴി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.

ഈ കേസില്‍ അറസ്റ്റിലായ നാലുപേര്‍ ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. ആരോപണ വിധേയനായ ഇടുക്കി എസ്.പിയെ സ്ഥലം മാറ്റിയിട്ടുണ്ടെങ്കിലും അന്വേഷണ വിധേയമായി ഇതുവരെ സസ്‌പെന്റ് ചെയ്തിട്ടില്ല. എസ്.പിക്കെതിരായ മൊഴി കൂടി പരിഗണിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം സേനയിലും ശക്തമായിട്ടുണ്ട്. അതേസമയം സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥര്‍ രേഖാമൂലം നല്‍കാത്ത ഉത്തരവ് അനുസരിക്കില്ലെന്ന നിലപാടിലാണിപ്പോള്‍. സംഘടനാ തലത്തിലാണ് ഈ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണ കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പൊലീസ് പ്രതിക്കൂട്ടിലാകുന്ന കസ്റ്റഡി മരണങ്ങളുടെ ഉത്തരവാദിത്വം എസ്.എച്ച്.ഒമാരുടെ തലയില്‍ മാത്രം കെട്ടി വയ്ക്കുകയാണെന്നാണ് ആക്ഷേപം. നിയമവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കേണ്ടന്ന നിര്‍ദ്ദേശം മുന്‍പുള്ളതാണെങ്കിലും അത് പാലിക്കപ്പെടാറില്ല. അച്ചടക്കം മുഖ്യഘടകമായ പൊലീസ് സേനയില്‍ ഈ നിര്‍ദ്ദേശം ഫലപ്രദമായി നടപ്പാക്കല്‍ എളുപ്പമായിരുന്നില്ല. ഇനി ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ അത്തരം നിലപാട് സ്വീകരിച്ചാല്‍ തന്നെ പ്രത്യാഘാതം ഗുരുതരമാകുമായിരുന്നു.

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ കീഴുദ്യോഗസ്ഥരെ ശരിപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ കഴിയും. താഴെ തട്ടിലെ ഉദ്യോഗസ്ഥരുടെ ഈ പരിമിതിയാണ് ഒരു വിഭാഗം സീനിയര്‍ ഓഫീസര്‍മാര്‍ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. നടപടി പേടിച്ച് ഭൂരിഭാഗം ഓഫീസര്‍മാരും മേലുദ്യോഗസ്ഥരുടെ വാക്കാലുള്ള നിര്‍ദ്ദേശം അതേപടി അനുസരിക്കുകയാണ് പതിവ്. പൊലീസ് സംവിധാനത്തെ സംബന്ധിച്ച് എപ്പോഴും എല്ലാ കാര്യത്തിനും രേഖാമൂലം ഉത്തരവ് നല്‍കി ക്രമസമാധാന രംഗത്ത് പ്രവര്‍ത്തിക്കുക നടപ്പുള്ള കാര്യമില്ല. ഇതറിയാവുന്ന പൊലീസിലെ ക്രിമിനല്‍ ബുദ്ധികളാണ് ഡിപ്പാര്‍ട്ട്‌മെന്റിന് നിലവില്‍ ചീത്തപ്പേര് ഉണ്ടാക്കുന്നത്.

വരാപ്പുഴ- നെടുങ്കണ്ടം ലോക്കപ്പ് മരണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറും തിരുത്തല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അന്യായമായ കസ്റ്റഡി ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഡി.ജി.പി തന്നെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നതാണ് നിര്‍ദ്ദേശം.

Staff Reporter

Top