റൺവേ നവീകരണം ബുധനാഴ്ച ആരംഭിക്കും; ഇനി നാല് മാസം രാത്രികാല സർവീസുകൾ മാത്രം

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇനി നാല് മാസം രാത്രികാല സര്‍വീസുകള്‍ മാത്രം. വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

രാജ്യാന്തര സര്‍വീസുകളടക്കം വൈകിട്ട് ആറ് മുതല്‍ രാവിലെ പത്ത് വരെയാക്കി പുനക്രമീകരിച്ചു. നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് 28 മുതല്‍ പകല്‍ സമയ സര്‍വീസുകള്‍ പുനരാരംഭിക്കും.

സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസടക്കം 5 സര്‍വീസുകള്‍ മാത്രമാണ് റദ്ദാക്കിയത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇന്‍ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുന്‍പും, രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുന്‍പും ചെക്ക് ഇന്‍ചെയ്യാം.

റണ്‍വേ റീ സര്‍ഫസിങ് പ്രവൃത്തികള്‍ക്കായാണ് നെടുമ്പാശേരി വിമാനത്താവള റണ്‍വേ പകല്‍ എട്ട് മണിക്കൂര്‍ അടയ്ക്കുന്നത്. റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയടക്കം 5 ലക്ഷം ചതുരശ്രമീറ്റര്‍ ഭാഗത്തെ റീ സര്‍ഫസിങ്ങാണ് നാല് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടത്.

Top