നെടുമ്പാശേരി ഹെലികോപ്ടര്‍ അപകടം: അന്വേഷണം ഇന്ന് ആരംഭിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമയാന വിഭാഗമാകും അന്വേഷിക്കുക. പൈലറ്റിന്റെ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്നാണ് അന്വേഷിക്കുന്നത്.

തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടര്‍ പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുളള ബാലന്‍സ് തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.

വിമാനത്താവളത്തോട് ചേര്‍ന്നുള്ള കോസ്റ്റ് ഗാര്‍ഡിന്റെ ഹാങ്ങറിലാണ് ഹെലികോപ്ടര്‍ കിടന്നിരുന്നത്. ഇവിടെ നിന്നാണ് പരിശീലനപ്പറക്കലിനായി റണ്‍വേയിലെത്തിച്ചത്. അപകടത്തില്‍ വിമാനത്തിന്റെ റോട്ടറുകള്‍ക്കും എയര്‍ ഫ്രെയിമിനും കേടു സംഭവിച്ചിട്ടുണ്ട്.

Top