നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട;രണ്ട് കേസുകളിലായി 1060 ഗ്രാം പിടിച്ചെടുത്തു

gold

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് കേസുകളിലായി 1060 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്വര്‍ണം കടത്തികൊണ്ടുവന്നവരും സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയ ആളും ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്ന് എത്തിയ ചാലിശ്ശേരി സ്വദേശിയും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയും ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയ തെങ്കാശി സ്വദേശിയുമാണ് പിടിയിലായത്.

ചാലിശ്ശേരി സ്വദേശി മിക്സര്‍ ഗ്രൈന്‍ഡറിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് 750 ഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗം ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസിന് കൈമാറി. രണ്ടുദിവസം മുമ്പാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 11 ലക്ഷം രൂപ വിലവരുന്ന 310 ഗ്രാം തൂക്കംവരുന്ന രണ്ട് സ്വര്‍ണമാലകളാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങുന്നതിനായി എത്തിയ തെങ്കാശി സ്വദേശിയെയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇയാളില്‍ നിന്ന് 1.1 ലക്ഷം രൂപയും പിടിച്ചെടുത്തു.

Top